ഒരു പ്രിന്‍സിപ്പാളിന്റെ ബ്ലോഗ്

സ്ഥാപന‍ മെധാവി, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്‍ എന്നീ സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാളുടെ അനുഭവങ്ങളും ധര്‍മ്മ സങ്കടങ്ങളും എഴുതിവയ്ക്കാനൊരിടം.

Sunday, August 22, 2010

റാഗിങ്ങ് ! റാഗിംഗ് !!

ഇന്ന് മാതൃഭൂമിയില്‍ കണ്ട പ്രാദേശിക വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണു മുകളില്‍ കൊടുത്തിരിക്കുന്നത്. ആ വാര്‍ത്ത വായിച്ചപ്പോള്‍ ഭാവന (സിനിമാനടിയല്ല്ല, വെറും ഭാവന മാത്രമാണ് എന്ന് മുന്‍ കൂര്‍ ജാമ്യം എടുത്തു) കയറി വന്നു, ഇങ്ങനെ:

കോളേജില്‍ ഒരു റാഗിംഗ് നടന്നു എന്നു ഒരു റിപ്പോര്‍ട്ട് കിട്ടി എന്നും പ്രിന്‍സിപ്പാള്‍ തുടര്‍ നടപടി എന്ന നിലയ്ക്ക് അന്വേഷണവിധേയമായി കാരണക്കാരനായ സീനിയര്‍ വിദ്യാര്‍ഥിയെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു എന്നും കരുതുക. സുപ്രീം കോര്‍ട്ട് നിര്‍ദ്ദേശം അനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കായി സ്ഥാപന മേധാവി ഒരുങ്ങുന്നതിനിടയില്‍ ടി വിദ്യാര്‍ഥി, ഒരു പാര്‍ട്ടി നേതാവിനെ (പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അയിക്കോട്ടെ- ഭാവനയ്ക്കൊരു കുറവും വരരുതല്ലോ) ക്കൊണ്ട് പ്രിന്‍സിപ്പാളിനോട് നടപടികള്‍ പിന്‍ വലിക്കാന്‍ ആവശ്യപ്പെടുന്നു എന്നു കരുതുക. റാഗിങ്ങിന്റെ നിയമ വശങ്ങള്‍ അറിയാവുന്ന പ്രിന്‍സിപ്പാള്‍, അല്പം ധൈര്യം കാണിച്ച് മുന്നോട്ട് പോവുന്നു എന്നും, അതില്‍ പ്രകോപിതനായ നേതാവ് പ്രിന്‍സിപ്പാളിനെ നേരില്‍ കണ്ട് ( ഭാവന, ഭാവന) ഭീഷണി പ്പെടുത്തി സസ്പെന്‍ഷന്‍ പിന്‍ വലിക്കാന്‍ ആവശ്യപ്പെട്ടു എന്നും കരുതുക. സസ്പെന്‍ഷന്‍ പിന്‍ വലിക്കാതെ തന്നെ ഈ മുറിവിട്ട് പോവാന്‍ അനുവദിക്കില്ല എന്ന ഭീഷണിയുടെ ഭീതിയില്‍ ഓഫീസില്‍ ഭയന്നിരിക്കുന്ന പ്രിന്‍സിപ്പാളിനെ ഭാവനയില്‍ കണ്ട് വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും തിരുവോണാശംസകള്‍

Tuesday, February 9, 2010

വിദ്യാഭ്യാസ നിലവാരമുയർത്താൻ എ ഐ സി ടി ഇ യും മൈക്രോസോഫ്റ്റും

സാങ്കേതിക വിദ്യാലയങ്ങളുടെ നിലവാരം ഉയർത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണു എ ഐ സി ടി ഇ. അതിന്റെ ഭാഗമായി എല്ലാ സാങ്കേതിക സ്ഥാപനങ്ങളും അവരുടെ എല്ല്ലാ വിവരങ്ങളും എ ഐ സി ടി ഇ. വെബ് സൈറ്റിൽ ഇടണമെന്ന പരസ്യം എല്ലാ ദേശീയ പത്രങ്ങളിലും ഇട്ടുകൊണ്ടിരിക്കുന്നു. അത്തരം ഒരു പരസ്യം ഹിന്ദു പത്രത്തിൽ വന്നത് മുകളിൽ കൊടുത്തിരിക്കുന്നു. എ ഐ സി ടി ഇ. വെബ് സൈറ്റിൽ കോളെജുകളെ സംബന്ധിച്ച വിവരങ്ങൾ അപ് ഡേറ്റ് ചെയ്യാൻ മൈക്രോ സോഫ്റ്റ് ഓപ്പെററ്റിങ് സിസ്റ്റം തന്നെ വേണം. ബ്രൌസർ ഇന്റെർ നെറ്റ് എക്സ്പ്ലോറർ തന്നെ. മറ്റ് ഒ എസ്, അല്ലെങ്കിൽ ബ്രൌസർ ഉപയോഗിച്ചാൽ പറ്റില്ലത്രെ.
നിലവാരം ഉയർത്താൻ മൈക്രോ സോഫ്റ്റ് തന്നെ വേണം!

Sunday, January 31, 2010

മറ്റൊരു പയ്യന്നൂർ സമ്മേളനം

കഴിഞ്ഞ മാസം സ്റ്റാഫ് മീറ്റിങ്ങിൽ വച്ച് ഈയിടെ നടന്ന കോളേജ് വാർഷിക കലാ സാംസ്കാരിക മത്സരങ്ങളിൽ അദ്യാപകരുടെ സാന്നിദ്ധ്യം കുറവായിരുന്ന കാര്യം പരമാർശിക്കവേ, ഫാക്കൽറ്റി അംഗങ്ങളിൽ പലർക്കും ആത്മാർഥത ഇല്ല എന്ന് ഞാൻ പറഞ്ഞുപോയി. ആ പ്രാസ്താവന കേട്ട സ്റ്റാഫംഗങ്ങൾ മിക്കവരും എന്റെ നേരെ തിരിഞ്ഞു. ആ പരാമർശം തെറ്റാണെന്നും അത് പിൻ വലിക്കണമെന്നും, അവർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഞാൻ എന്റെ വാദം ന്യായീകരിക്കാനായി കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷാ ഫലം ആരെങ്കിലും അവലോകനം ചെയ്തിരുന്നോ എന്നും, ഓരോരുത്തരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ എത്രെ പേർ തോറ്റു എന്നും, ശരാ‍ശരി മാർക്ക് എത്രയാണെന്നും ചോദിച്ചു. അരിയെത്ര എന്നാൽ പയറഞ്ഞാഴി എന്ന ഉത്തരമല്ല വേണ്ടതെന്ന യൂണിയൽ നേതാവിന്റെ കടുത്ത വിമർശനം കൂടി ആയപ്പോൾ എനിക്കെന്നെ ത്തന്നെ തിരുത്തേണ്ടി വന്നു: ഞാൻ പാറഞ്ഞു:
“ഫാക്കൽറ്റി അംഗങ്ങളിൽ പലർക്കും ആത്മാർഥത ഇല്ല എന്ന എന്റെ വാചകങ്ങൾ ഞാൻ തിരുത്തുന്നു; നമ്മുടെ അദ്യാപകരിൽ പലരും വളരെ ആത്മാർഥത ഉള്ളവരും വിദ്യാർഥികളോടും കോളേജിനോടും പ്രതി ബദ്ധത ഉള്ളവരും ആണ്. “

Thursday, October 16, 2008

ഈ ബ്ലോഗ്ഗ് തയ്യാറായി വരുന്നതേയുള്ളു. വീണ്ടും സന്ദര്‍ശിക്കുമല്ലോ.

Followers

About Me

സ്ഥാപന മേധാവിയും, സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനുമായ ഒരാള്‍